Monday, July 5, 2010

ചുരത്തിലൂടെ ...

അങ്ങനെ കൃത്യം രണ്ടുമണിക്ക് പ്രായത്തിന്റെ എല്ലാ അവശതകളുമായി ആ ആനവണ്ടി മാനതവാടിയില്‍ നിന്നും പുറപ്പെട്ടു .ഉച്ച നേരമായതിനാലാകാം ബസ്സില്‍ ആളുകള്‍ നന്നേ കുറവാണ് ,കണ്ട്ക്ടര്‍ ആയിട്ട് അധികം നാളായിട്ടില്ല മൂന്നോ നാലോ തവണ ഇതേ റൂട്ടില്‍ പോയിട്ടുണ്ട് എന്നാല്‍ അന്നൊന്നും ബസ്സിലെ തിരക്കുകള്‍ കൊണ്ട് പുറത്തൊന്നു നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല ,വേഗം ടിക്കട്ടുകൊടുത്തു സ്വന്തം സീറ്റില്‍ ആസനസ്ഥനായി .വയനാടിന്‍റെ വശ്യ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .കൊച്ചുകൊച്ചു കാട്ടരുവികളും ,മനോഹരമായ പുല്‍മേടുകളും ,പൊന്നുവിളയുന്ന നെല്പാടങ്ങളും ,സര്‍വോപരി പര്ശുധമായ ജീവ വായുവും .ഞാന്‍ ആ കാഴ്ചകളിലേക്ക് മടങ്ങി .ബസ്സിപ്പോള്‍ നിരവില്‍പുഴ എന്ന സ്ഥലത്തെത്തി ,മൂന്ന് സ്ത്രീകളും ഒരു പുരുഷനും ,പുരുഷന്റെ കയ്യില്‍ ആവശ്യത്തിലേറെ വലിപ്പമുള്ള രണ്ടു ചക്കകള്‍ ഉണ്ടായിരുന്നു ,പഴം ചക്ക ,വരിക്ക ചക്ക,കടച്ചക്ക എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാല്‍ ഈ ചക്കയുടെ വലിപ്പത്തിന് ആനച്ചക്ക എന്നുപറഞ്ഞാലും തെറ്റില്ല .
ടിക്കെറ്റ് കൊടുത്തു ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു ,ഇനിയങ്ങോട്ട് ചുരം ഇറങ്ങുകയാണ് നനുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അങ്ങകലെ മലമുകളില്‍ ഒന്ന് രണ്ടു വെള്ളി അരഞ്ഞാണങ്ങള്‍, മണ്ണിലേക്കിറങ്ങി വരുന്ന വെള്ളിമേഘങ്ങള്‍ എത്ര മനോഹരം .പെട്ടെന്നൊരു ബഹളം ബസ്സ് നിന്നു എന്താണാവോ ,പ്രശ്നം ഗുരുതരം കാര്യം നിസാരമാകുമോ ?.
സ്ത്രീകളുടെ സീറ്റില്‍ നിന്നാണ് നിലവിളി കേട്ടത് ഒരു ചേച്ചി വേദന കടിച്ചമര്‍ത്തി നില്‍പ്പുണ്ട് ഞാന്‍ കാര്യം അന്വേഷിച്ചു അവര്‍ വളരെ ദയനീയമായി തറയില്‍ കിടക്കുന്ന ചക്കയെ ചൂണ്ടി കാണിച്ചു ..അപ്പൊ അതാണ് കാര്യം, ചക്കയുമായി കയറിയ ചേട്ടന്‍ ഏറ്റവും പിന്നിലെ സീറ്റില്‍ ആണിരുന്നത് . ചക്ക സീറ്റിനടിയില്‍ വെച്ച് അതിനുമേല്‍ കാല്‍ കയറ്റിവെച്ചാണ്‌ ആശാന്‍ ഇരുന്നിരുന്നത് ,അതിലൊരെണ്ണം ബസ്സ് കുത്തനെ ചുരം ഇറങ്ങിയപ്പോള്‍ ആ പാവം ചേച്ചിയുടെ കാലില്‍ വന്നു കൊണ്ടതാണ് ..ഭാഗ്യം പരിക്ക് ഗുരുതരമല്ല...

Tuesday, March 2, 2010

മൂളിപ്പാട്ടുകാരന്‍ .

നന്നായി മൂളിപ്പാട്ടു പാടും ,എന്ന് കരുതി ആളൊരു ഉറക്കുപട്ടുകരനല്ല ,നേരെ മറിച്ച്‌ നല്ല ഉണര്‍ത്തുപാട്ടുകാരനാണ് .പകലിന്റെ അവശത രാവിന്റെ മാറില്‍ ചാരിവെച്ച് സുഖകരമായി ഉറങ്ങുക എന്നത് ഒരിക്കലും അഹന്കാരമല്ല. എന്നാല്‍ അതൊക്കെ മൂപ്പര്‍ക്ക് മനസിലാകണ്ടെ .ആളാരാണെന്ന്പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ നമ്മളുടെ സന്തത സഹചാരി കൊതുകാശന്‍ തന്നെ .നീ എവിടെ പോയാലും ഞാന്‍ കൂടെയുണ്ട് എന്നപഴയ പരസ്യം വാചകത്തെ അന്വര്‍ത്ഥമാകും വിധം ആശാന്‍ കൂടെയുണ്ട് .തിരക്കുനിറഞ്ഞ റെയില്‍വേ കംപാര്ടുമെന്റില്‍ ,സിനിമ തീയേറ്ററില്‍ ,വായനശാലയില്‍ ,ബസ്സില്‍ ,പാര്‍ക്കില്‍,പാതയോരത്ത് എന്നുവേണ്ട എവിടെയൊക്കെ ജീവനുണ്ടോ അവിടെയൊക്കെ.
പുറമേ കാണാന്‍ ബൂര്‍ഷ്വാസി ആണെങ്കില്‍ അകം കൊണ്ട് ആളൊരു കമ്യുനിസ്ടാണ്. പക്ഷെ അക്രമ സ്വഭാവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒന്ന് തന്നെയില്ല. ജാതി മത വര്‍ഗ മേതുമില്ലാതെ ശരിപ്പെടുത്തും .ഞാനടക്കമുള്ള മഹാഭൂരിപക്ഷവും ഈ ചെറിയവന്റെ ലീല വിലാസങ്ങള്ക്കു മുന്‍പില്‍ അനുദിനം തോറ്റുകൊണ്ടിരിക്കുകയാണ് .ആനയെ പോലെ വലുതായിരുന്നെകില്‍ ഇവനെ തോക്കെടുത്ത് കൊല്ലമായിരുന്ന്നു .ഇത്തിരി പോന്നവന്റെ മുന്‍പില്‍ എന്ത് ചെയ്യാന്‍.
അടുത്ത പത്തു വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ താമസമാക്കും,മനുഷ്യനെ പോലെ ചിന്തിക്കാന്‍ കഴിവുള്ള റോബോട്ടുകള്‍ വരന്‍ പോകുന്നു, ചൊവ്വയില്‍ വെള്ളമുണ്ട്,നാനോ സാങ്കേതികത രോഗങ്ങള്‍ ഇല്ലാതാക്കും ,തുടങ്ങി എത്രയെത്ര ശാസ്ത്ര വാര്‍ത്തകള്‍ നാം അനുദിനം കേട്ട് കൊണ്ടിരിക്കുന്നു .നമുക്ക് സ്വപ്നം കാണാനാകാത്ത ലോകം പണിയുന്ന പ്രിയ ശാസ്ത്രന്ജ്ജരെ മാരകമായ ചിക്കന്‍ ഗുനിയ ,മലമ്പനി,മന്ത് ,തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ മാത്രം സമ്മാനിക്കുന്ന കൊതുകളെ ലോകത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും .
(കൊതുകുകടി കൊണ്ട് സഹികെട്ട് ഉറങ്ങാതിരുന്ന ഒരു കൊച്ചിയിലെ രാത്രിയുടെ ഓര്‍മയ്ക്ക് )
കുറിപ്പ് :ദയവായി ആമത്തിരി കത്തിച്ചു വെക്കൂ എന്ന് മാത്രം പറയരുത് .ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ കത്തിച്ചു വെച്ച ആമത്തിരിയില്‍ മാത്രം ഒന്‍പതു കൊതുകിരിപ്പുണ്ട്,

Saturday, January 9, 2010

ഏയ് ഓട്ടോ ....

ഒരു പുതിയ കാര്യമല്ല പറയാന്‍ പോകുന്നത് .പലരും പറഞ്ഞു പറഞ്ഞു പതംവന്നതാണ്‌ എങ്കിലും ,എറണാകുളത്തെ തിരക്കുപിടിച്ച നഗര ജീവിതത്തിനിടയില്‍ എന്നെ പോലെ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കാണണം .
ഏറ്റവും ചിലവുകുറഞ്ഞതും സൌകര്യ പ്രദവും മോശമല്ലാത്ത യാത്ര സൌകര്യങ്ങളും നല്‍കുന്നത് കൊണ്ട് നമുക്കിതിനെ പാവപെട്ടവന്റെ വാഹനം എന്ന് വിളിക്കാം . അത് രാവെന്നോ പകലെന്നോ ഭേദമില്ലാതെ സേവന സന്നദ്ധമായി നഗരത്തിലും നാടന്‍ ഇടവഴികളിലും നമ്മെ കാത്തു നില്‍ക്കുന്നു .ഈയടുത്ത കാലത്താണ് ഓട്ടോ ഓടിക്കുന്ന ചിലരില്‍ നിന്ന് തീര്‍ത്തും അനാരോഗ്യകരമായ ചില പ്രവണതകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് .പലപ്പോഴും നഗരത്തില്‍ രാത്രിയില്‍ എത്തിപ്പെടുന്നവര്‍ ദൈവധൂതന്മാരെപോലെയാണ് ഓട്ടോക്കാരെ കാണുന്നത് ,എന്നാല്‍ നാം എറണാകുളം നഗരത്തിലാണ് എങ്കില്‍ ചില കടമ്പകള്‍ കടന്നാലേ ഈ ദൈവധൂതന്മാര്‍ നമ്മെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയുള്ളൂ .അതില്‍ ആദ്യത്തെ കടമ്പ ഇന്റര്‍ വ്യു ആണ് .എവിടെ പോകണം ,ഇന്ന സ്ഥലത്തിന്നരികിലാണോ ,മീറ്ററില്ല, ഇത്ര രൂപയാകും ,മടക്കകൂലി ഇത്ര കൂടി തരണം ,ഇത്യാധി ചോദ്യ ശരങ്ങല്‍ക്കുശേഷം ഭാഗ്യമുണ്ടെങ്കില്‍ ഇന്റര്‍ വ്യു പാസ്സാകാം .വേറെ ചിലപ്പോള്‍ വല്ല സിനിമയും കണ്ടു തിരിച്ചു വരുമ്പോള്‍ ഒരു ഓട്ടോ വിളിക്കാന്‍ ശ്രമിച്ചു എന്നിരിക്കട്ടെ നിങ്ങള്ക്ക് പോകേണ്ടുന്ന സ്ഥലം രണ്ടോ മൂന്നോ കിലോമീറ്റെര്‍ ചുറ്റളവില്‍ ആണെങ്കില്‍ ഓട്ടോ കിട്ടിയെന്നിരിക്കില്ല .പത്തോ ഇരുപതോ ഓട്ടോക്കാരോട് ചോദിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളൂ .പലപ്പോഴും കിട്ടുന്ന മറുപടി വേറെ ഓട്ടം ഉണ്ട് ,അവിടേക്ക് പോകുന്നില്ല , ഇത്ര രൂപ തരണം എന്നൊക്കെ ആയിരിക്കും .ശരി നമ്മള്‍ ഒരു ഓട്ടോ വിളിച്ചു എന്നുതന്നെ ഇരിക്കട്ടെ വെറുതെ പൊടി പിടിച്ചിരിക്കുന്ന ആ മീറ്റര്‍ ഒന്നിടാന്‍ പറഞ്ഞു നോക്കൂ ,ഈ മീറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല ചേട്ടന്‍ ഇറങ്ങിക്കോ എന്നും പറഞ്ഞേക്കാം .കാലം കലികാലം എന്നല്ലാതെ എന്ത് പറയാന്‍ കൈയിലെ കാശും കൊടുക്കണം വല്ലവന്റെ വായിലിരിക്കുന്നതും കേള്‍ക്കണം ..