Tuesday, June 30, 2009

മഷിയുണങ്ങാത്ത തിരക്കഥകള്‍ ..

എഴുതിത്തീരത്ത തിരക്കഥ പോലെ ലോഹിയും കഥാവശേഷനായി . മലയാള സിനിമ കുറേകാലം അയാള്‍ക്ക്‌ ചുറ്റുമായിരുന്നു , കിരീടത്തിലെ സേതുമാധവനായി വാല്‍സല്യത്തിലെ വടക്കേടത്ത് രാഘവന്‍ നായരായി അമരത്തിലെ അചൂട്ടിയായി മലയാള സിനിമയ്ക്ക് അയാള്‍ പുതിയ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജന്മമേകി.
ഭരതനും,പദ്മരാജനും ശേഷം വേറിട്ട കാഴ്ചകള്‍ സമ്മാനിച്ച ആ പ്രതിഭാധനന്റെ ചിത്രങ്ങളെല്ലാം യാധര്ത്യങ്ങളോട് സമരസപ്പെടുന്നവയയിരുന്നു. അദ്ദേഹം സമ്മാനിച്ച നായകരുടെ നൊമ്പരങ്ങള്‍ എല്ലാം തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയമിടിപ്പുകള്‍ ആയിരുന്നു. മലയാളത്തിലെ എറ്റവുംനല്ല തിരക്കഥകളില്‍ തന്നെയാണ് കിരീടം ,അമരം ,വാത്സല്യം ,തനിയാവര്‍ത്തനം ,ഭാരതം ,
എന്നിവയുടെ സ്ഥാനം.
പച്ചയായ സാമൂഹിക യാധര്ത്യങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു . അന്ന്യ ഭാഷ സിനിമകളുടെ കുത്തൊഴുക്കില്‍ നിന്നും കഷ്ടിച്ച് മാത്രം രക്ഷപ്പെട്ടു നില്ക്കുന്ന മലയാളത്തിനു ലോഹിതദാസിന്റെ വിയോഗം തീരാ നഷ്ടമായിരിക്കും എന്നതില്‍ തര്‍ക്കമില്ല .
ചിലരിങ്ങനെയാണ് ഒരു കാരണവുമില്ലാതെ മരിച്ചുകളയും ..മുഴുമിക്കാത്ത തിരക്കഥ പോലെ പെയ്തൊഴിയാത്ത കാര്‍മേഘം പോലെ ...

Friday, June 26, 2009

സമരക്കാഴ്ചകള്‍..

മിക്ക ദിവസങ്ങളെയും പോലെ അന്നും സമരമായിരുന്നു ..എന്തിനാണ് എന്നു അറിഞ്ഞില്ല. വന്നുവന്നിപ്പോള്‍ സമരങ്ങലോടെല്ലാം ഒരുതരം അവജ്ഞയാണ് ..ചിലരുടെയൊക്കെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇവരൊക്കെ സമരം ചെയ്യാന്‍ മാത്രം ജനിച്ചതാണെന്ന് തോന്നും...
ഇന്നത്തെ സമരം എന്തിനാണ് എന്നൊന്നും നോക്കാതെ കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാനിറങ്ങി . സത്യം പറഞ്ഞാല്‍ ഈ സമരക്കാരുടെ കാരുണ്യം കൊണ്ടു നഗരത്തിലെ എല്ലാ സിനിമകളും കാണാനുള്ള മഹാഭാഗ്യം അടിയന്‌ കിട്ടിയിട്ടുണ്ട് . കൂട്ടത്തിലെ ഒരു വിദ്വാന് ആ തമിഴ്‌ പടം തന്നെ കാണണം ..ശരി ആയിക്കളയാം . അശോക്‌ ടാക്കീസിലാണ് പടം കളിക്കുന്നത് . ഞങ്ങള്‍ നടന്നു.
കോടതി കവലയിലാണ്‌ സമരക്കാര്‍ തമ്പടിച്ചിരിക്കുന്നത് ..അവരെ കടന്നു വേണം ഞങ്ങള്ക്ക് പോകാന്‍ ..ദൂരെ നിന്നു തന്നെ നേതാവിന്റെ അലര്‍ച്ച കേള്‍ക്കുന്നുണ്ട്‌ , വിദ്യഭ്യാസ കച്ചവടമെന്നോ ..? സ്വാശ്രയ മാനേജ്മെന്റ്, ...... ,അങ്ങനെ എന്തൊക്കെയോ ഉയര്ന്നു കേള്‍ക്കുന്നുണ്ട്‌ ..അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത് റോഡെല്ലാം ബ്ലോക്കാണ് .അണികളെല്ലാം കോളജിലെ സത്യന്‍ മാഷിന്റെ ക്ലസ്സിലെന്ന പോലെ നിശബ്ദതരാണ്.ആയതിനാല്‍ സ്വാതന്ദ്ര്യം സമത്വം സഹോധര്യം അടിയുറച്ചു നിന്നുകൊണ്ട്‌ അനീതിക്കെതിരെ പോരാടണം, നേതാവ് പറഞ്ഞു നിര്‍ത്തി .പക്ഷെ തെല്ലു കഴിഞ്ഞപ്പോള്‍ കണ്ടത് അടിയുറച്ചു നിന്നവര്‍ അടി വാങ്ങുന്നതാണ് .
ഞാന്‍ ആലോചിച്ചത് മറ്റൊന്നുമല്ല സ്വാതന്ദ്ര്യം സമത്വം സഹോധര്യം തന്നെ ..ഫ്രെഞ്ച് വിപ്ലവം നടന്നില്ലയിരുന്നെന്കില്‍ ഇവരെങ്ങനെ ഈ വാക്ക് പറയുമായിരുന്നു.ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞുപോയ ആ വാക്കിനു ഇന്നു എന്ത്ര്‍ത്തമാണുള്ളത്‌ .
എങ്കിലും ബീവരജ് ഷാപ്പിനു മുന്‍പിലെ നീണ്ട വരികളില്‍ കാണുന്ന ജനാധിപത്യവും സോഷ്യലിസവും സഹോധര്യവും ഒന്നും തന്നെ റേഷന്‍ കടകളില്‍ പോലും കാണാനില്ല ..കാലം എങ്ങോട്ടാണ് പോകുന്നത് ......

Wednesday, June 24, 2009

മഴ വീണ്ടും.....

ആദ്യമായെന്നാണ് മഴ കണ്ടത് ..ഓര്‍ക്കുന്നില്ല ഒരു പക്ഷെ അന്നോര്‍മ്മയില്ലെന്കിലും ഞാനും എല്ലാ കുഞ്ഞുങ്ങളെയും പോലെ മഴ കാണുമ്പോള്‍ ചിരിക്കുകയും മഴത്തുള്ളികളില്‍ തിമിര്‍ത്തു കളിച്ചും കാണും ...ഓര്‍മയിലെ ആദ്യത്തെ മഴ അന്നാണ് പെയ്തത് ഒന്നാം തരത്തിലെ സരോജിനി ടീച്ചര്‍ എന്റെ വക്കുപൊട്ടിയ സ്ലേറ്റിന്റെ ഒത്ത നടുവില്‍ നൂറില്‍ നൂറു എന്നു കണക്കിന് മാര്‍ക്കിട്ട ദിവസം..ഉച്ച കഴിഞ്ഞും ക്ലാസ്സുണ്ട്‌ എങ്കിലും രണ്ടു പറമ്പ് കഴിഞ്ഞാല്‍ വീടായി , ചോറ് കഴിച്ചെന്നു വരുത്തി ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക് .ആദ്യമായി ഒന്നാമന്‍ ആയതിന്റെ സന്തോഷം ..അമ്മയെ കാണിക്കണം ..സ്ലേറ്റ് മാറത്തു ചേര്ത്തു പിടിച്ചിരുന്നില്ല നൂറില്‍ നൂറു മയഞ്ഞുപോയാലോ, വീട്ടിലേക്ക് തിരിയുന്ന ഇട വഴി ഒന്നു തിരിഞ്ഞെയുള്ളൂ അതാ വരുന്നു അവന്‍...ചന്നം പിന്നം എന്നല്ല പറയേണ്ടത് ചര പറ എന്നാണ് ...എല്ലാം തകര്ത്തു ...നല്ല ബോംബെ പെന്‍സിലിന്റെ നിറമുള്ള ഭാഗം കൊണ്ടു സരോജിനി ടീച്ചര്‍ എനിക്ക് മാത്രം സമ്മാനിച്ച എന്റെ ആദ്യത്തെ മഹത്തായ വിജയം കുസൃതികളായ മഴക്കുരുന്നുകള്‍ എടുത്തു ...
എന്റെ കണക്കുകള്‍ മഴ പിന്നെയും പല തവണ തെറ്റിച്ചിട്ടുണ്ട് , മഴയുടെ പല കുസ്രിതികള്‍ക്കും ഞാന്‍ വഴങ്ങികൊടുത്തിട്ടുമുണ്ട് ..പക്ഷെ ഞാനിന്നു മഴയോട് പരിഭവിക്കാറില്ല.കാരണം മഴ ചിലതൊക്കെ ഓര്മ്മപ്പെടുത്തുകയാണ് ....

Tuesday, June 23, 2009

മുന്തിരി വള്ളികള്‍ പൂക്കുമ്പോള്‍....

അറിഞ്ഞതില്‍ പാതി അറിയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായും പോയി
പാതി ഹൃത്തിനാല്‍ പൊറുത്തു കൊള്ളുമ്പോള്‍
പാതി ഹൃത്തിനാല്‍ വെറുത്തു കൊള്‍ക
ഇതെന്റെ രക്തമാണ് ഇതെന്റെ ഹൃദയമാണ്
ഇതു എടുത്തു കൊള്‍ക ....
ഖലീല്‍ ജിബ്രനോടാണ് കടപ്പാടുള്ളത്..
മഞ്ഞു പൊഴിയുന്ന നീല നിലാവത്ത് കാത്തിരുന്നിട്ടും വരാത്ത വരാത്ത കാമുകിയോട് പറയാന്‍ വേറെന്തുണ്ട്..കാലം ഇനിയുമുരുളും സൂര്യ ചന്ദ്രന്മാര്‍ മാനത്ത് തന്നെ കാണും ...നാളത്തെ പുലരിയില്‍ സ്നേഹത്തിന്റെ താഴ്വരയില്‍ പൂത്തുനില്‍ക്കുന്ന മുന്തിരി വള്ളികള്‍ പൂത്തു നില്ക്കുന്നത് കാണാനും ..അവിടെ വെച്ചു നമ്മുടെ സ്നേഹം പൂത്തുലയും എന്നും ഞാനാശിച്ചു .....
ആള്‍ക്കൂട്ടത്തില്‍ തനിയെ നടക്കുമ്പോള്‍ ..
വാകമരങ്ങള്‍ പൂത്തുനില്‍ക്കുമ്പോള്‍ ഞാനെന്നും ആ പകല്‍സ്വപ്നം കാണാറുണ്ട് ....
കാണാത്ത കാമുകിയെകാണാന്‍ ....

Thursday, June 18, 2009

വെളിച്ചം കാണാതാത്തവര്‍

ലോകത്തിലെ ഏറ്റവും മികച്ച കലാസ്രിഷ്ടികള്‍ ഒന്നും തന്നെ വെളിച്ചം കണ്ടിട്ടില്ല ..അഥവാ അങ്ങെനെ വല്ലതും വെളിച്ചം കണ്ടു എന്നാല്‍ തന്നെ അതൊന്നും നല്ലവെളിച്ചങ്ങള്‍ ആയിരുന്നില്ല്ല ... ക്ഷമിക്കണം എനിക്ക് ഇങ്ങനെയൊക്കെ പറയാമോ.....? വര്‍ഷങ്ങള്‍ക്കു മുമ്പു മാതൃഭുമിയിലും,ഭാഷാപോഷിണിയിലും, മലയാളം വാരികയിലും ....പിന്നെ പേരു ഓര്‍ത്തുവെക്കാത്ത ഒരുപാടു മലയാളം വാരികകളിലും അയച്ചുകൊടുത്ത ഈയുള്ളവന്റെ 'കവിത' എന്ന് അടിയന്‍ വിളിക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്യ ശകലങ്ങള്‍ ഇന്ത്യയുടെ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്നത് കൊണ്ടു എനിക്കങ്ങനെ പറഞ്ഞുകൂടെ.... ആ പഴയ മികച്ച കലാസ്രിഷ്ടികള്‍ നിങ്ങളെ കാണിക്കാമെന്നുള്ള ആത്മാര്‍ത്ഥ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ....ഓര്‍മ്മകള്‍ ഉറങ്ങികിടന്നിരുന്ന ആ പഴയ സ്നേഹിതന്റെ താളുകള്‍ തപ്പിയത്..ആ ഡയറിക്ക് ചുവന്ന പുറംചട്ടയായിരുന്നു .....ഒരുകാലത്ത് എന്റെ ലോകമയിരുന്ന എന്റെ ഹൃദയത്തിന്റെ ഉടമയെ എനിക്ക് എവിടെയും കണ്ടെത്താനായില്ല .....ദൈവമേ ..? എത്രയെത്ര ലോകോത്തര കൃതികള്‍ ......

Sunday, June 14, 2009

മാധവിക്കുട്ടിക്ക്

ആരായിരുന്നു ആമി .........

മലയാളത്തിന്റെ ചെറിയ, തീരെ ചെറിയ സാഹിത്യവൃത്തത്തില്‍ ഒതുങ്ങ്തിനില്‍ക്കാതെ ..അടിമത്വത്തിന്റെയും സഹനത്തിന്റെയും തടവറയില്‍ നിന്നു സ്ത്രീ സ്വതന്ത്രിയത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചത്എരിഞ്ഞവള്‍.. മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകള്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി..സ്നേഹത്തിന്റെ വറ്റാത്ത ഉറവയായെത്തി നമ്മോടു സ്നേഹം യാചിച്ചവള്‍ ഒന്നും തിരിച്ചു കൊടുത്തു ശീലമില്ലാത്തവര്‍ നാം നമ്മിലെ നന്മകള്‍ മറക്കുമ്പോള്‍ ഓര്‍മയകുന്നത് ഒരു ഇതിഹാസമാണ്‌ ...പകരം വെക്കാനില്ലാത്ത പ്രതിഭ ......

പുന്നയൂര്‍കുളത്തെ തൊടികളില്‍ ഇനിയും നീര്‍മാതളങ്ങള്‍ പൂക്കുമോ....അടക്കിവച്ച സ്ത്രീ ഹൃദയങ്ങളില്‍

ഇനിയും "എന്റെ കഥ" കള്‍ പുനര്‍ജ്ജനിക്കുമോ....

പ്രിയ ആമിക്ക് നൂറു ചുവന്ന പുഷ്പങ്ങള്‍ .....